
തിരുവനന്തപുരം: ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചെന്ന് സ്മാർട് ക്രിയേഷൻ സിഇഒയുടെ മൊഴി. മറ്റു ക്ഷേത്രങ്ങളിൽ കൊടിമരം സ്വർണംപൂശാനും നവീകരണത്തിനും ഉൾപ്പെടെ ശബരിമലയിൽ നിന്നും കടത്തിയ സ്വർണം ഉപയോഗിച്ചു എന്നാണ് സിഇഒ പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അതിനിർണായകമായ വിവരങ്ങളാണ് പങ്കജ് ഭണ്ഡാരി എസ്ഐടിക്ക് മുന്നിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
പങ്കജ് ഭണ്ഡാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്മാർട് ക്രിയേഷൻസ് സ്വർണം പൂശിയ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലാണ് പരിശോധന നടക്കുന്നത്. സ്വർണം വേർതിരിക്കാൻ ഉപയോഗിച്ച ലായനിയും പരിശോധനക്ക് അയയ്ക്കും. ഇക്കാര്യം രേഖപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് നൽകാനാണ് എസ്ഐടി തീരുമാനം. അതേസമയം, സ്വർണം വേർതിരിച്ചത് അശാസ്ത്രീയമായാണെന്ന് എസ്ഐടി കണ്ടെത്തി. സ്വർണം വേർതിരിക്കുന്ന ലായനിയുടെ ഘടകങ്ങൾ അറിയാനാണ് ശാസ്‌ത്രീയപരിരോധന നടത്തുന്നത്.











